പൃഥ്വിരാജ്– വൈശാഖ് ചിത്രം ‘ഖലീഫ’യുടെ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് അണിയറപ്രവർത്തകർ സിനിമയുടെ പുതിയ അപ്ഡേറ്റ് അറിയിച്ചത്. ചിത്രത്തിൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥിതാരമായാണ് മോഹൻലാൽ എത്തുന്നത്.
‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ‘ഖലീഫ’യുടെ രണ്ടാംഭാഗത്തിൽ മോഹൻലാല്‍ നായകനായി എത്തും. പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’യുടെ ആദ്യഭാഗം ഓണം റിലീസായി ഓഗസ്റ്റ് 20ന് റിലീസാകും. സിനിമയിൽ വില്ലനായി ബോളിവുഡ് താരം നീൽ നിഥിൻ മുകേഷ് എത്തുന്നു. നടന്റെ മോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.
സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റർറ്റൈനെർ ആണ് ‘ ഖലീഫ’. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാകും. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈൻ.'
‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.